പാലാ: പാലായിൽ കുടുംബ വഴക്കിനെത്തുടർന്ന് മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഇരുവർക്കും ദാരുണാന്ത്യം. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പാലാ അന്ത്യാളത്താണ് സംഭവം ഉണ്ടായത്. ആറുവയസ്സുകാരൻ മകനുമായി ഭാര്യവീട്ടിലെത്തിയ മനോജ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഭാര്യാമാതാവിന്റെ ദേഹത്തും സ്വന്തം ദേഹത്തും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. നിർമലയുടെ ഭർത്താവ് സോമൻ സംഭവ സമയം വീട്ടിൽ ഇല്ലായിരുന്നു. മനോജിനെതിരെ വീട്ടുകാർ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്കു പോകുന്നതു സംബന്ധിച്ചു വഴക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.