പാലായിൽ കിണറിടിഞ്ഞു ഉള്ളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു, മൃതദേഹം പുറത്തെടുത്തത് 6 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ.


പാലാ: പാലായിൽ കിണറിടിഞ്ഞു ഉള്ളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ(48) ആണ് മരിച്ചത്. പാലാക്കാട് സിയോൺ ബോർമ ഭാഗത്ത് വട്ടോത്തുകുന്നേൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണറിൻ്റെ ആഴം കൂട്ടുന്ന ജോലിക്കിടയിൽ ആണ് അപകടം ഉണ്ടായത്.

 

 ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പോലീസും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമെർജെൻസിയും നാട്ടുകാരും ചേർന്ന് 6 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ മറ്റു മൂന്നു തൊഴിലാളികൾക്കും പരിക്കുണ്ട്. കിണറിനുള്ളിലെ കല്ലുകൾ നീക്കുന്നതിനിടെ കല്ലും മണ്ണും താഴേക്ക് പതിക്കുകയും റിങ് താഴുകയും ചെയ്യുകയായിരുന്നു. കല്ലും മണ്ണും മാറ്റാൻ ഓടിയെത്തിയവർ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സമീപത്തെ തെറ്റിൽ നിന്നും വെള്ളം കിണറിലേക്ക് ഇറങ്ങിയതോടെ കിണറിൽ ജലനിരപ്പ് ഉയർന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടി.