പാലക്കാട്: പാലക്കാട് കൂറ്റനാട് ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റു ചങ്ങനാശേരി സ്വദേശിയായ പാപ്പാന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി നാലുകോടി സ്വദേശി കുഞ്ഞുമോനാണ് (50) മരിച്ചത്.
കൂറ്റനാട് -തണ്ണീർക്കോട് പാതയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൂറ്റനാട് ദേശോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആന നടുറോഡിൽ പാപ്പാനെ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഒട്ടേറെ വാഹനങ്ങളും ആന നശിപ്പിച്ചു. മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ. ആനയെ തളച്ച ശേഷം സ്ഥലത്തു നിന്നു മാറ്റി. സംഭവ സമയത്ത് ആനപ്പുറത്ത് മൂന്നുപേരുണ്ടായിരുന്നു. ഒരാൾ സമീപത്തെ ഓട്ടോയുടെ മുകളിലേക്ക് ചാടി രക്ഷപ്പെട്ടു. രണ്ടു പേർ ആനയുടെ കാൽച്ചുവട്ടിലേക്ക് വീണെങ്കിലും എണീറ്റ് ഓടിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ആണ് കുഞ്ഞുമോൻ വള്ളംകുളങ്ങര നാരായണൻകുട്ടിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പതിറ്റാണ്ടുകളായി കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരാറുള്ള ആണ്ടുനേർച്ചയുടെ ഭാഗമായി നടത്തുന്ന ദേശോത്സവമാണ് കൂറ്റനാട് നേർച്ച . പരിസരത്തുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു.