അഭിനയിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ മണിമല കടയിനിക്കാട് സ്വദേശിയായ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പി


ഈരാറ്റുപേട്ട: അഭിനയിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മണിമല കടയിനിക്കാട് സ്വദേശിയായ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും ശിക്ഷ വിധിച്ചു ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.

 

 കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ എം.കെ. റെജി (52) യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. 2023 മെയ്‌ 31നായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന റിച്ചാർഡ് വർഗീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.  തിടനാട് എസ്എച്ച്ഒ ആയിരുന്ന പി.ജി. രാജേഷാണ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ പ്രശോക് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.