കോട്ടയത്ത് റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ഭിക്ഷാടനം, ക്യു ആർ കോഡുകളുമായി ഭിക്ഷാടനം നടത്തിയ 2 ഇതര സംസ്ഥാന സ്ത്രീകളെ റെയിൽവേ പോലീസ് പിടികൂടി.


കോട്ടയം: വയറ്റത്തടിച്ചും പാട്ടുപാടിയും കാർഡുകൾ നൽകിയും ഭിക്ഷ തേടിയിരുന്ന കാലമൊക്കെ കഴിഞ്ഞു. നാട് ഓടുന്നതിനൊപ്പം നടുക്ക് ഓടിയില്ലെങ്കിലും ഭിക്ഷ തേടുന്നവരും ഇപ്പോൾ ഡിജിറ്റലായിരിക്കുകയാണ്. കോട്ടയത്ത് റെയിൽവേ സ്റ്റേഷനിൽ ക്യു ആർ കോഡുകളുമായി ഡിജിറ്റൽ ഭിക്ഷാടനം നടത്തിയ 2 ഇതര സംസ്ഥാന സ്ത്രീകളെ റെയിൽവേ പോലീസ് പിടികൂടി. കർണ്ണാടക-ആന്ധ്രാ സ്വദേശിനികളായ ലക്ഷ്മി,സരസ്വതി എന്നിവരെയാണ് കോട്ടയത്ത് റെയിൽവേ സംരക്ഷണ സേന പിടികൂടിയത്. ക്യു ആർ കോഡുകളുമായി ഇവർ യാത്രക്കാരെ സമീപിക്കുകയും ട്രെയിനിൽ കയറി ഭിക്ഷ തേടുകയുമായിരുന്നു. ക്യൂ ആര്‍ കോഡു വഴി ലഭിക്കുന്ന പണം ഇവരുടെ സ്‌പോണ്‍സര്‍മാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് റെയിൽവേ സംരക്ഷണ സേന ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.സന്തോഷ് പറഞ്ഞു. ഏകദേശം നൂറ്റി അൻപതോളം കാർഡുകളും ക്യൂ ആര്‍ കോഡും ഏകദേശം 250 രൂപയും രണ്ടുപേരുടെയും കൈയ്യിൽ നിന്നും കണ്ടെത്തി.  പല പ്രാവശ്യം ഇത്തരം സ്ത്രീകളെ ഗവൺമെന്റ് ഓർഗനൈസേഷനുകളിൽ ഏൽപ്പിച്ചിട്ടും അടുത്ത ദിവസങ്ങളിൽ ഇവർ നാട്ടിലേയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞു വീണ്ടും പുറത്തിറങ്ങുകയാണ് പതിവ് എന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മി എന്ന സ്ത്രീയെ ഇതിനു മുൻപ് രണ്ടുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തിയതിന് കോട്ടയം റെയിൽവേ സംരക്ഷണ സേന ചൈൽഡ് കെയർ സെന്ററിൽ ഏൽപ്പിച്ചതാണ്. പക്ഷെ ഇനി കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവരെ പറഞ്ഞു വിടുകയായിരുന്നു. ഈ സംഭവത്തിനു ശേഷവും ട്രെയിനിനകത്ത് വച്ച് കണ്ട ഇവരെ പലതവണ പുറത്താക്കിയതാണ്. പക്ഷേ വീണ്ടും ഇവർ ഭിക്ഷാടനം ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്.  ആറുമാസം പ്രായമായ കുട്ടിയെ ശിശുഭവനത്തിൽ ഏൽപ്പിച്ചശേഷമാണ് ഇവർ ഇപ്പോൾ ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷാടനം നടത്തുന്ന ഇവരെ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ കൊണ്ടാക്കിയാൽ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞു പിന്നീട് പുറത്തുവന്നു കഴിഞ്ഞാൽ വീണ്ടും ഇതേ പ്രവൃത്തി തന്നെ  തുടരും. ക്യുആർ കോഡും ബാങ്ക് അക്കൗണ്ടുമായി ഭിക്ഷാടനം നടത്തുന്ന ഇവർ വലിയൊരു മാഫിയയുടെ കണ്ണിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.