പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്, ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ പരാതി പ്രളയം, പണം പിരിച്ചത് കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ.


കോട്ടയം: പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നിരവധി സീഡ് സൊസൈറ്റികളിൽ നിന്നായി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും പരാതികൾ രജിസ്റ്റർ ചെയ്തു.

 

 വിവിധ സ്റ്റേഷനുകളിലാണ് നിരവധി പരാതികളാണ് ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്യപ്പെട്ടത്. പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സ്ത്രീകളുടെയടക്കം കൈയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഇടനിലക്കാർ വഴിയാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. എൻജിഒ കോൺഫെഡറേഷൻ വഴി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ ആണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019-ല്‍ ഇടുക്കിയില്‍ പാതിവിലയ്ക്ക് ഏലം കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും വളവും നല്‍കിയാണ് പദ്ധതിയുടെ പരീക്ഷണത്തുടക്കം. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ഡിവലപ്മെന്റ് സൊസൈറ്റി എന്ന പേരില്‍ എന്‍.ജി.ഒ. രൂപവത്കരിച്ചാണ് അനന്തുവിന്റെ തുടക്കം. 2022 മുതല്‍ തയ്യല്‍മെഷീന്‍, ഹോം അപ്ലയന്‍സ്, വാട്ടര്‍ ടാങ്ക്, ലാപ്ടോപ്, സ്‌കൂട്ടര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവ പാതിവിലയ്ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചായിരുന്നു പണപ്പിരിവ്. 1,20,000 രൂപയുടെ സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് എന്ന് പ്രഖ്യാപിച്ചാണ് വലിയ തോതില്‍ പണപ്പിരിവ് നടത്തിയത്. കോട്ടയത്ത്‌ ആറ്‌ കേസുകൾ രജിസ്റ്റർചെയ്തു. അറുന്നൂറോളംപേർ പരാതിയുമായി എത്തി. 560പേർ ഈരാറ്റുപേട്ട സ്‌റ്റേഷനിൽമാത്രം പരാതി നൽകിയിട്ടുണ്ട്‌. മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ്‌ ഈരാറ്റുപേട്ടയിൽ നടന്നതായാണ്‌ സൂചന. പാലായിലും നിരവധി ആളുകളിൽ നിന്നുമായി തട്ടിയത് കോടികൾ. അന്തീനാട് ഭാഗത്ത് ഇരുപതിലേറെ പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായി. എരുമേലിയിലും മുണ്ടക്കയത്തും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.