വൈക്കം: മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് നൽകാൻ ധാരണാപത്രം ഒപ്പുവെച്ചു വൈക്കം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ.
പ്രഭാഷകനും പരിശീലകനുമായ വൈക്കം വടക്കേനടയിൽ പ്രീതാലയം വീട്ടിൽ ഡോ. പ്രീത് ഭാസ്‌കർ (52), മാതാവ് വസുമതിയമ്മ (75), ഭാര്യ സ്മിത (42) എന്നിവരാണ് മരണാനന്തരം തങ്ങളുടെ ശരീരം മെഡിക്കൽ കോളേജിന് നൽകാൻ ധാരണാപത്രം ഒപ്പുവെച്ചത്. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ പ്രീത് അറിയപ്പെടുന്ന മോട്ടിവേഷൻ ട്രയിനർ ആണ്. പരിശീലന കേന്ദ്രമായ 'സെൽറ്റ് ' (Centre for Easy Learning and Training) ന്റെ ഡയറക്ടർ ആണ്. ജനമൈത്രി പോലീസ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, കുടുംബശ്രീ പ്രവർത്തകർ, മാതാപിതാക്കൾ, എൻ. എസ്. എസ് വോളണ്ടിയർമാർ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർക്കായി ബോധവത്കരണ ക്ലാസുകളും, സെമിനാറുകളും നടത്തിയിട്ടുണ്ട്. 'കില'യുടെ റിസോഴ്സ് പേഴ്സണായും, വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ഓ. ആർ. സി പരിശീലകനായും, എസ്. പി. സി മെന്ററായും പ്രവർത്തിച്ച വ്യക്തിയാണ് ഡോ. പ്രീത് ഭാസ്‌കർ. കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. മഞ്ജു മാധവന് മൂവരും സമ്മതപത്രം കൈമാറി.വൈക്കം നഗരസഭ മുൻചെയർമാൻ അനിൽ ബിശ്വാസ്, ടി.വി.പുരം പഞ്ചായത്ത് മുൻ അംഗം ജോഷി പരമേശ്വരൻ എന്നിവരെ സാക്ഷികളാക്കിയാണ് സമ്മതപത്രം നൽകിയത്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയായ അമൃതഭാസ്‌കര ശിവപ്രിയ, വൈക്കം ആശ്രമം സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി ആദിഭാസ്‌കര ശിവസ്വരൂപ് എന്നിവരാണ് മക്കൾ.