ചങ്ങനാശ്ശേരി: 25 വർഷത്തിലേറെയായി സൂപ്പർ ഹിറ്റായി ഓടിയ ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ്, യാത്രക്കാർക്കൊപ്പം ആരാധകരുമുണ്ടായിരുന്ന സർവ്വീസ് നിർത്തലാക്കിയിട്ട് രണ്ടാഴ്ച. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ.
പ്രതിദിനം എഴുപത്തിനായിരത്തോളം രൂപ വരുമാനമുണ്ടായിരുന്ന സർവീസാണ് അധികൃതർ അകാരണമായി നിർത്തിയത്. ഇതിനൊപ്പം കൂടുതൽ കളക്ഷനുകൾ നേടിക്കൊടുത്തിരുന്ന ജനപ്രിയ സർവീസുകളിൽ പല സർവ്വീസുകളും അകാരണമായി ചങ്ങനാശ്ശേരി കെ എസ് ആർ ടി സി അധികൃതർ നിർത്തുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. വേളാങ്കണ്ണി സർവീസ് സ്വിഫ്റ്റ് ഏറ്റെടുത്തതാണ് പ്രതിസന്ധികൾക്ക് തുടക്കം ആയത്. ടിക്കറ്റിന്റെ അമിത നിരക്ക് സർവ്വീസിൽ നിന്നും യാത്രക്കാരെ അകറ്റി. യാത്രക്കാർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുമുള്ള സർവീസാണ് ചങ്ങനാശ്ശേരി-വേളാങ്കണ്ണി ബസ്സ്. 1999 മേയിലാണ് കെഎസ്‌ആർടിസിയുടെ ആദ്യ വേളാങ്കണ്ണി സർവീസായി ചങ്ങനാശേരിയിൽനിന്നും സൂപ്പർ എക്‌സ്‌പ്രസ് യാത്ര തുടങ്ങുന്നത്. അന്ന് മുതൽ മികച്ച പെരുമാറ്റത്തിലൂടെയും സർവ്വീസ് കൃത്യതയിലൂടെയും ബസ്സും ജീവനക്കാരും യാത്രക്കാരുടെ പ്രിയരായി മാറുകയായിരുന്നു. ചങ്ങനാശേരിയിൽനിന്നും ഉച്ചകഴിഞ്ഞു 2.30ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 5.45ന് വേളാങ്കണ്ണിയിൽ എത്തും വിധമാണ് സർവീസ്. 750ഓളം കിലോമീറ്ററാണ് ദിവസേന ബസ്സ് ഓടിയെത്തുന്നത്. ആദ്യം സൂപ്പർ എക്സ്‌പ്രസും പിന്നീട് ഇടയ്ക്ക് സൂപ്പർ ഫാസ്റ്റ് ആകുകയും ചെയ്തിരുന്നു. 2015ൽ വീണ്ടും സൂപ്പർ എക്‌സ്‌പ്രസായി. അന്തർ സംസ്ഥാന ബസ്സ് സർവ്വീസ് ഉൾപ്പടെ ദീർഘദൂര കെ എസ് ആർ ടി സി സർവ്വീസുകൾ കെ-സ്വിഫ്റ്റിലേക്ക് മാറ്റാൻ തുടങ്ങിയതോടെ ചങ്ങനാശ്ശേരി-വേളാങ്കണ്ണി ബസ്സിന്റെ സാരഥിയുടെ വിടപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ബസ്സിന്റെ സാരഥി പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നുംകുട്ടൻ ബസ്സിൽ ചാരി നിന്ന് യാത്രയയപ്പ് നൽകിയത്.
വർഷങ്ങളായി വളയം പിടിച്ചിരുന്ന ഡ്രൈവർ എന്നതിലുപരി ബസ്സിനെ ചങ്കായി സ്നേഹിച്ച സാരഥിയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ മനസ്സലിഞ്ഞതോടെ ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ സിഎംഡി നിർദ്ദേശം നൽകി. സർവ്വീസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവ്വീസ് നടത്തുന്നതായും കാണുകയും ഇതിനാൽ തന്നെ ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവ്വിസിനെ ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകിയത്. ചങ്ങനാശ്ശേരി ഡിപ്പോയുടെ വേളാങ്കണ്ണി സർവ്വീസ് നിലച്ചതോടെ നേട്ടമായത് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ്. വൈക്കത്തു നിന്നും ആരംഭിക്കുന്ന വേളാങ്കണ്ണി സർവ്വീസിന് ഇപ്പോൾ യാത്രക്കാർ കൂടുതലാണ്.