ഓക്സിജന്റെ ലഭ്യതക്കുറവ്: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം.


എരുമേലി: ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം. മുക്കട സ്വദേശി അനീഷ്, എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത്. മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാനായാണ് എരുമേലിയിലെ ഓട്ടോ ഡ്രൈവറായ ബിജുവും കിണറ്റിലേക്ക് ഇറങ്ങിയത്. എന്നാൽ ബിജുവിനും ശ്വാസ തടസ്സം അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. ഇതുകണ്ട് നാട്ടുകാർ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ്  പുറത്തെടുത്തത്. ഇരുവരെയും എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.