പാലായിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്ക്.


പാലാ: പാലായിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉപ്പുതറ കീപ്പുറത്ത് ജിബിൻ ബിജു (22) ആണ് മരിച്ചത്. മുത്തോലി ജംങ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്.

 

 ബൈക്കിൽ ഒപ്പം സഞ്ചരിച്ച യുവതിയ്ക്ക് അപകടത്തിൽ പരിക്കേറ്റു. ഉപ്പുതറ പള്ളിക്കൽ സോന (22 )യ്ക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. സോനയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലായിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഉടൻ തന്നെ ഇരുവരെയും ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിന്റെ മരണം സംഭവിച്ചിരുന്നു. മറ്റൊരു ബൈക്കിനെ തട്ടിയിട്ട ശേഷം മുന്നോട്ടുപോയ ജിബിന്റെ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.