കോട്ടയം: കടംവാങ്ങിയ പണം സംബന്ധിച്ചുള്ള തർക്കം സംസാരിച്ചു പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാതാപിതാക്കളും മകനുമുൾപ്പടെ ഒരു കുടുംബത്തിലെ 3 പേർ അറസ്റ്റിൽ.
കോട്ടയം പനച്ചിക്കാട് നെല്ലിക്കലിൽ ആണ് വീട്ടിലെത്തിയ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ക്രൂരമായ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. പരുത്തുംപാറ ചാത്തൻമേൽ പൂവത്ത് അജീഷ് മോഹനനെയാണ് (35) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുഴിമറ്റം വലിയവീട്ടിൽ കരോട്ട് സുഭാഷ് (49), ഭാര്യ ശോഭാകുമാരി (48), ഇവരുടെ മകൻ സൗരവ് എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജീഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.