കോട്ടയം: ക്ലാസ് മുറിയിൽനിന്നു ലഭിച്ച മിഠായിയിൽ ലഹരി കണ്ടെന്ന സംഭവത്തിൽ ഭക്ഷ്യവിഷബാധയാകാമെന്ന നിഗമനത്തിൽ പൊലീസ്. ആശുപത്രിയിലാക്കിയ കുട്ടി കഴിച്ച മിഠായിയുടെ കുറച്ചു ഭാഗം മറ്റൊരു കുട്ടി കഴിച്ചതായും എന്നാൽ ഈ കുട്ടിക്ക് യാതൊരു ആരോഗ്യ പ്രശനങ്ങളില്ലെന്നും പോലീസ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്നും നൽകിയ മരുന്നിന്റെ പാർശ്വഫലമായി ബെൻസോഡയാസിപൈൻ കുട്ടിയുടെ ശരീരത്തിൽ രൂപപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് ഡോക്ടർമാരെന്നു ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമിദ് പറഞ്ഞു. വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിഠായിയിൽ ലഹരിയുടെ അംശമുണ്ടെന്നറിഞ്ഞാണ് കുട്ടിയുടെ മാതാവ് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.