ഏറ്റുമാനൂർ: ഏറ്റുമാനൂർ പാറോലിക്കലിൽ ഭാര്യയും രണ്ടു പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നോബിയെ 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതോടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ്.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവരാണ് കഴിഞ്ഞ 28 നു പുലർച്ചെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ (44) ഏറ്റുമാനൂർ പോലീസ് അറസ്റ് ചെയ്തിരുന്നു.
കടുത്ത കുറ്റബോധത്തിൽ പോലീസ് സ്റ്റേഷനിലെ സെല്ലിനുള്ളിൽ പൊട്ടിക്കരയുകയായിരുന്നു നോബി എന്നാണു വിവരം. അതേസമയം 3 ദിവസത്തെ സമയ പരിധിക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിൽ പരമാവധി ഡിജിറ്റൽ തെളിവുകൾ കണ്ടെത്തും. അവസാനമായി നോബി ഷൈനിക്ക് അയച്ച സന്ദേശം എന്താണെന്നു കണ്ടെത്താനുള്ള പരിശ്രമത്തിൽ ആണ് ഇപ്പോൾ പോലീസ്. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് നോബിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.