ഏറ്റുമാനൂർ: മഹാദേവന്റെ മുൻപിൽ എട്ടാം ഉത്സവദിനത്തിൽ എട്ടാം വർഷവും ജനസാഗരത്തിന് നടുവിൽ മേളപ്പെരുമ തീർത്ത് കൊട്ടിക്കയറി പത്മശ്രീ ജയറാം. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനത്തിനോടനുബന്ധിച്ചു ആണ് 111 ൽ പരം കലാകാരന്മാർ അണിനിരന്ന പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ പഞ്ചാരിമേളം അരങ്ങേറിയത്. ഇത് എട്ടാം വർഷമാണ് മുടക്കം കൂടാതെ ഏറ്റുമാനൂരപ്പന്റെ മണ്ണിൽ മഹാദേവന്റെ മുൻപിൽ പഞ്ചാരിമേളത്തിലുള്ള അവസരം ലഭിച്ചത് എന്ന് ജയറാം പറഞ്ഞു. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടു വർഷവും മുടക്കം കൂടാതെ മഹാദേവന്റെ മണ്ണിൽ മേളപ്പെരുമ തീർക്കാൻ സാധിച്ചത് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണെന്നും ജയറാം പറഞ്ഞു. മേളപ്രേമികളുടെ സാഗരമായിരുന്നു ക്ഷേത്രാങ്കണത്തിൽ.