ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മക്കളുമൊത്ത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദമെന്നു വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത്. ഷൈനി തന്റെ സുഹൃത്തുമായി സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
‘നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല. വക്കീൽ ഇനി ഏപ്രിൽ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്.’ – ഷൈനി സുഹൃത്തിനയച്ച ശബ്ദസന്ദേശം.
സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കടുത്ത മാനസിക സമ്മർദമാണ് ഷൈനി അനുഭവിച്ചിരുന്നത്. ഏറ്റുമാനൂർ എസ്എച്ച്ഒ എഎസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി (43) മക്കളായ അലീന എലിസബത്ത്(11), ഇവാന മരിയ(10) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഭർത്താവ് നോബിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷൈനിക്ക് വാട്സ്ആപ്പിൽ ചില മെസേജുകൾ താൻ അയച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ എന്ത് സന്ദേശമാണ് അയച്ചതെന്ന് വ്യക്തത വന്നിട്ടില്ല.