'ഇനി ഞാന്‍ നാട്ടിലേയ്ക്ക് വരണമെങ്കില്‍ നീയും മക്കളും ചാകണം', ‘എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും ചത്തുകൂടെ’; ഷൈനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ട്രെയിനിന് മുൻപിൽ ജീവനൊടുക്കിയ ഷൈനിയുടെയും രണ്ടു പെൺമക്കളുടെയും മരണത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നോബിയുടെ മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് ഷൈനിയും മക്കളും ജീവനൊടുക്കിയതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

 

 'ഇനി ഞാന്‍ നാട്ടിലേയ്ക്ക് വരണമെങ്കില്‍ നീയും മക്കളും ചാകണം', ‘എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും ചത്തുകൂടെ’ എന്നും നോബി ഷൈനിയോട് പറഞ്ഞിരുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കാണ്. ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.  പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പോലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. ഫോൺ സംഭാഷണം ഇങ്ങിനെ: "നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ" എന്നാണ് നോബി ചോദിച്ചത്. നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ കൂടുതൽ പരിശോധനാഫലം കാത്തിരിക്കുകയാണ് പോലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു.നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും സുഹൃത്തിനോട് ഷൈനി പറഞ്ഞിരുന്നു. "നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല. വക്കീൽ ഇനി ഏപ്രിൽ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്" എന്നാണ് ഷൈനി പറഞ്ഞത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.