കോട്ടയം: കോട്ടയത്ത് വീടിനുള്ളിൽ ബോധരഹിതനായി വീണ പിതാവിന് രക്ഷകനായത് 5 വയസ്സുകാരൻ മകൻ. കോട്ടയം പുതുപ്പള്ളി പയ്യപ്പാടി സ്വദേശികളായ മീനുവിന്റെയും അനുവിന്റെയും മകനായ ജോക്കുട്ടൻ എന്ന ജോർദൻ ആണ് ആ കൊച്ചു ഹീറോ.
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ബോധരഹിതനായി വീണ അച്ഛനെ ജോര്‍ദൻ രക്ഷിച്ചത് ഇങ്ങനെയാണ്:
ജോർദൻ സ്കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ അച്ഛൻ അനു മാത്രമാണുണ്ടായിരുന്നത്. ജോക്കുട്ടന് ഭക്ഷണം നൽകിയതിന് പിന്നാലെ ജോർദൻ സൈക്കിൾ ചവിട്ടി പുറത്തുപോകാതിരിക്കാൻ വീടിന്റെ വാതിലുകളെല്ലാം അനു പൂട്ടി. പിന്നാലെ ബോധരഹിതനായി നിലത്തേക്ക് വീണു. പപ്പയുടെ ബോധം പോയെന്ന് മനസിലാക്കിയ ജോർദൻ പിന്നെ വേറൊന്നും ആലോചിച്ചില്ല. അവിടെ കിടന്ന കസേര വലിച്ചിഴച്ച് വാതിലിന് അടുത്തെത്തിച്ചു. അതിൽ കയറി ലോക്ക് മാറ്റി. പിന്നാലെ പുറത്തേക്ക് ഓടി അയൽവാസികളെ വിവരമറിയിച്ചു. ഇതിനിടെ നിലത്ത് കിടന്ന പിതാവിന് ഫസ്റ്റ് എയ്ഡ് ചെയ്യാനും ജോർദൻ ശ്രമിച്ചു. അയൽവാസികളെയെല്ലാം വിളിച്ച് കൂട്ടി തക്കസമയത്ത് തന്നെ പുതുപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു ഈ കൊച്ചു മിടുക്കൻ. മാതാവ് മീനു വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും ആരോഗ്യവനായി കിടക്കുന്ന ഭർത്താവ് അനുവിനെയും അയൽവാസികളുടെ പ്രശംസകളേറ്റ് വാങ്ങി അവർ നൽകിയ മിഠായികളും കഴിച്ച് നിൽക്കുന്ന ജോർദനെയുമാണ് കാണുന്നത്. ബോധരഹിതനായപ്പോൾ ജോർദൻ 'അപ്പാ.. എന്നാ പറ്റി' എന്ന് വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ മറുപടി പറയാൻ അനുവിന് സാധിക്കുന്നുണ്ടായിരുന്നില്ല. തനിക്ക് ബോധം തെളിഞ്ഞപ്പോൾ ആംബുലൻസിൽ കിടക്കുകയായിരുന്നുവെന്നും പിതാവ് അനു പറയുന്നു. ഈ സമയം ജോർദന്റെ മാതാവ് മീനു പുതുപ്പള്ളിയിലെ അവരുടെ കടയിലായിരുന്നു. പുതുപ്പള്ളി എം.ഡി.എൽ.പി സ്ക്കൂളിലെ യു കെ ജി വിദ്യാർഥിയാണ് ജോർദൻ.