കോട്ടയം: അക്ഷരനഗരിയുടെ അഭിമാനവും കേരളത്തിലെ സർക്കാർ കോളജുകളിൽ ഏറ്റവും മികച്ചതുമായി നാട്ടകം ഗവ. കോളജ് മാറിയത് അധ്യാപകരുടേയും പൂർവവിദ്യാർഥികൾ അടങ്ങുന്ന സമൂഹത്തിന്റെയും വിദ്യാർഥികളുടെയും മറ്റു ജീവനക്കാരുടേയും കഠിനാധ്വാനം കൊണ്ടാണെന്നു സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ.
നാട്ടകം കോളജ് സുവർണ ജൂബിലി ആഘോഷങ്ങൾക്കു സമാപനം കുറിച്ചുകൊണ്ട് കോളജ് അങ്കണത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന കാലമാണിത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല, ആദ്യത്തെ സയൻസ് പാർക്ക്, റോബോട്ടിക് പഠനത്തിനുള്ള കേന്ദ്രം എന്നുതുടങ്ങി അഭിമാനകരമായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. ഈ മാറ്റങ്ങൾ ഹയർ സെക്കൻഡറി പഠനം കഴിഞ്ഞാലുടൻ വിദേശത്തേക്കു ചേക്കേറാൻ നോക്കിയിരിക്കുന്ന പുതു തലമുറയ്ക്കു വലിയ പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നാട്ടകം കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.എസ്. സോമരാജൻ, എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം റെജി സഖറിയ, അലു്മിനി അസോസിയേഷൻ സെക്രട്ടറി കെ.എസ്. സജീവ്, പി.ടി.എ. പ്രസിഡന്റ് സിജോ മാത്യൂ, ഡോ. എ.വി. അനീഷ്, കോളജ് യൂണിയൻ ചെയർമാൻ കാർത്തിക് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ പ്രദർശനമേളയും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി.