കോട്ടയത്ത് കിഴക്കൻ മേഖലകളിലുൾപ്പടെ കനത്ത വേനൽ മഴ, വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ, 2 പേർക്ക് മിന്നലേറ്റു.


കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലുമുൾപ്പടെ കനത്ത വേനൽ മഴ. ശക്തമായ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പാലായിൽ സഹോദരങ്ങളായ 2 പേർക്ക് മിന്നലേറ്റു.  

 തുരുത്തിപാലത്ത് കാറ്റിൽ മരം വീണ് 27കാരിക്ക് പരുക്കേറ്റു. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17)  എന്നിവർക്കാണ് രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ വെച്ച് മിന്നലേറ്റത്. താഴത്തങ്ങാടി ജുമുഅ മസ്ജിദിനു സമീപം താമസിക്കുന്ന പറമ്പിൽ ഇബ്രാഹിമിന്റെ വീടിനു മുകളിൽ മരം വീണു നാശനഷ്ടം ഉണ്ടായി. കനത്ത മഴയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇടിമിന്നലേറ്റ് വീടിന്റെ മേൽക്കുര തകർന്നു. ശക്തമായ കാറ്റിൽ നിരവധിയിടങ്ങളിൽ റോഡിലേക്കും മരങ്ങൾ വീണു. കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും ശക്തമായ മഴയാണ് നിന്നുണ്ടായത്. 2 മണിക്കൂറോളം ശക്തമായ മഴയും കാറ്റുമാണുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരം വീണു ഗതാഗതക്കുരുണ്ടായി. കുമരകം റോഡിലും മരങ്ങൾ വീണു വൈദ്യുത പോസ്റ്റുകൾ ഒടിയുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ശക്തമായ മഴയിൽ കോട്ടയം മെഡിക്കൽ കോളേജ് ട്രോമാ ഐ സി യു കൂട്ടിരിപ്പ് കേന്ദ്രത്തിൽ ചോർച്ചയുണ്ടായി വെള്ളം മുറിക്കുള്ളിൽ കയറി. കോട്ടയം നഗരത്തിലും അതിശക്തമായ മഴയും കാറ്റുമാണുണ്ടായത്. കനത്ത മഴയിൽ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത് അര മണിക്കൂറിൽ 55 mm മഴയാണ് ലഭിച്ചത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് കുമരകത്ത് കാറ്റ് വീശിയത്. കോട്ടയത്ത് 48 കിലോമീറ്റർ വേഗതയിലും.

ഫയൽ ചിത്രം.