കോട്ടയത്ത് താപനില ഉയരുന്നു, ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്, ചങ്ങനാശ്ശേരിയിൽ യുവി സൂചിക 8 ൽ എത്തി.


കോട്ടയം: പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ കോട്ടയംകാരെ ചുട്ടുപൊള്ളിച്ചു പകൽ താപനില. കഴിഞ്ഞ ദിവസങ്ങളിലായി താപനില ഉയർന്നതിനാൽ ചൂട് താങ്ങാനാവാത്ത അവസ്ഥയിലാണ് കോട്ടയം.  

 ഇന്നലെ സംസ്ഥാനത്ത് ഏറ്റവും  ഉയർന്ന താപനില രേഖപ്പെടുത്തിയത് കോട്ടയത്താണ്. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ കോട്ടയത്ത് 38.2°c താപനില രേഖപ്പെടുത്തി. അതിഭയങ്കരമായ ചൂട് കാരണം പകൽ പുറത്തിറങ്ങുന്നവരുടെ എണ്ണവും ഇപ്പോൾ ലുറഞ്ഞിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും ഇപ്പോൾ പകൽ സമയം തിരക്ക് കുറവാണ്. അതേസമയം സംസ്ഥാനത്ത് യു വി സൂചികയും ഉയരുകയാണ്.

 

 കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക 8 ആണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.