അമ്മയും മക്കളും തീവണ്ടിക്ക് മുന്നിൽ ജീവനൊടുക്കിയത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ.


കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 

 കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

 ഏറ്റുമാനൂർ പാറോലിക്കൽ നൂറ്റിയൊന്ന് കവലക്ക് സമീപമാണ് അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവർ തീവണ്ടി തട്ടി മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കാൻ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ കയറി നിന്നുവെന്നാണ് പറയുന്നത്. വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തുമ്പോൾ ഷൈനിക്ക്  മർദ്ദനമേൽക്കാറുണ്ടെന്ന് നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  ഗാർഹിക പീഡനത്തിന് കേസുമുണ്ട്.