കോട്ടയം: ജില്ലയിൽ കൂൺഗ്രാമം പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലാണ്. കൂൺവിത്തു മുതൽ വിപണനം വരെ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്.
വൻകിട, ചെറുകിട ഉത്പാദന യൂണിറ്റുകൾ, കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റുകൾ, പായ്ക്ക് ഹൗസുകൾ, കൂൺ അധിഷ്ഠിത കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ ആറു കൃഷിഭവനു കിഴിലും കൂൺ അധിഷ്ഠിത കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനും കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന മേഖല ശാക്തീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ കൂൺ കർഷകരെ ഒരു കൂടക്കിഴിലാക്കി 'കടന്തേരി കൂൺ ഗ്രാമം' എന്ന സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും വർഷം മുഴുവൻ ഉത്പാദനം ഉറപ്പാക്കാനും ആദ്യഘട്ടത്തിൽ 100 ചെറുകിട യൂണിറ്റുകളും രണ്ടു വൻകിട യൂണിറ്റുകളും സജ്ജമായിട്ടുണ്ട്. ഗുണമേന്മയുള്ള കൂൺ വിത്ത് ലഭ്യമാക്കാൻ വിത്ത് ഉത്പാദന കേന്ദ്രം കടുത്തുരുത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന കൂൺ ലേബൽ ചെയ്ത് ആകർഷണീയമായ പാക്കിങ്ങിൽ വിൽപനയ്‌ക്കെത്തിക്കുന്നതിനായി എട്ടു ലക്ഷം രൂപയോളം ചെലവ് വരുന്ന രണ്ട് പാക്ക് ഹൗസുകൾ തയാറാക്കിയിട്ടുണ്ട്. അധികമായി ഉത്പാദിക്കുന്നവയും വിറ്റഴിക്കാൻ സാധ്യമാക്കാത്തവയുമായ കൂൺ സംസ്‌കരണം ചെയ്ത് മൂല്യ വർധിത ഉത്പന്നങ്ങളായി മാറ്റുന്നതിലേക്കായി രണ്ടുപ്രിസർവേഷൻ യൂണിറ്റുകളും സജ്ജമായിട്ടുണ്ട്.