കോട്ടയം: കോട്ടയം ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവൃത്തിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ മാസം തന്നെ നഗരസഭാടിസ്ഥാനത്തിൽ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർക്കാൻ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും ഹരിതാഭമാക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കും. ജില്ലയിലേക്കു പ്രവേശിക്കുന്ന പ്രധാന റോഡുകൾ ഇതിന്റെ ഭാഗമായി മനോഹരമാക്കും. ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും സൗന്ദര്യവത്കരിക്കുന്നതിന് ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ നഗരസഭകളിലും എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കാൻ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു. നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ സാമൂഹിക,സാംസ്‌കാരിക നിലവാരം ഉയർത്തുന്നതിനുതകുന്ന പദ്ധതിയാണ് ജില്ലാഭരണകൂടം തയാറാക്കിയിരിക്കുന്നത്. ഇതു ഭംഗിയായി നടപ്പാക്കുന്നതിന് നഗരസഭകളിലെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ ഒരേമനസോടെ പ്രവർത്തിക്കണം. വിവിധ സാംസ്‌കാരിക-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, പരിസ്ഥിതി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പാതയോരങ്ങളുടെയും പുഴയോരങ്ങളുടെയും ശുചീകരണം, സൗന്ദര്യവത്കരണം, പരിപാലനം എന്നിങ്ങനെ മൂന്നു തലങ്ങളിൽ ആസൂത്രണം ചെയ്തുവേണം പദ്ധതി നടപ്പാക്കാനെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായപ്പെട്ടു. ഗതാഗത സൗകര്യത്തെ ബാധിക്കാത്ത വിധത്തിൽ വേണം പദ്ധതി നടപ്പിലാക്കേണ്ടതെന്നും എല്ലാ പിന്തുണയും പദ്ധതി നടത്തിപ്പിന് നൽകുമെന്നും മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. അന്ധകാരതോട് അടക്കം വൈക്കം നഗരത്തിലൂടെ ഒഴുകുന്ന തോടുകൾ മാലിന്യംനിറഞ്ഞതാണെന്നും പദ്ധതിയുടെ ഭാഗമായി അവ വൃത്തിയാക്കുന്നതിനു പ്രാധാന്യം നൽകണമെന്നും സി.കെ. ആശ എം.എൽ.എ. പറഞ്ഞു. റോഡുകളുടെ സൗകര്യങ്ങളെ ബാധിക്കാത്ത വിധത്തിൽ വേണം പദ്ധതി നടപ്പാക്കാനെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പദ്ധതി വിശദീകരിച്ചു. ഈ മാസം തന്നെ നഗരസഭാടിസ്ഥാനത്തിൽ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ പ്രതിനിധികളായ അനിൽ വേഗ, എസ്. രാജീവ്, അബിൻ സിബി, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, മാലിന്യമുക്തം നവകേരളം കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇനി കോട്ടയവും മനോഹരമാകും! ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവൃത്തിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു, ജില്ലയിലേക്കു പ്രവേ