കോട്ടയം: കോട്ടയത്ത് സൂപ്പർ ഹിറ്റായി കുടുംബശ്രീ കേരള ചിക്കൻ. വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉദ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായി ലക്ഷ്യമിട്ടു തയ്യാറാക്കിയ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി.
ജില്ലയിൽ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച വിറ്റുവരവാണുള്ളത്. 2021 ൽ ആരംഭിച്ച പദ്ധതി 4 വർഷം പിന്നിടുമ്പോൾ നാലുവർഷത്തിനിടെ 52,59,565കിലോ ചിക്കനാണ് കേരള ചിക്കൻവഴി വിറ്റഴിച്ചത്. ഈവർഷം മാത്രം 14,67,58,280.20 രൂപയാണ് (2024 ഏപ്രിൽ മുതൽ 2025 മാർച്ച് 23വരെ) വിറ്റുവരവ്. പൊതുവിപണിയിലേതിനേക്കാൾ വില കുറവായതിനാലും പ്രാദേശിക ഫാമുകളിൽ നിന്നുമെത്തിക്കുന്ന കോഴികളായതിനാലും കൂടുതൽ ഉപഭോക്താക്കൾ കേരള ചിക്കനിൽ എത്തുന്നുണ്ട്. കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് കാൽവെയ്പ്പ് നടത്തുകയാണ്. കുടുംബശ്രീ കേരള ചിക്കൻ ബ്രാൻഡിൽ ഫ്രോസൺ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. ചിക്കൻ ബിരിയാണി കട്ട്, ഡ്രംസ്‌റ്റിക്, ചിക്കൻ ബ്രസ്‌റ്റ്, ചിക്കൻ കരി കട്ട് എന്നിവയും ഒപ്പം മറ്റു ചിക്കൻ ഉത്പന്നങ്ങളും വിപണിയിലെത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ പദ്ധതി മുന്നോട്ട് പോകുന്നത്. ഇന്റഗ്രേഷൻ അഥവാ കോൺട്രാക്ട് ഫാർമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കർഷകർക്ക് നൽകി 35 ദിവസം പ്രായമാകുമ്പോൾ തിരിച്ചെടുത്ത് വിപണിയിൽ വിൽക്കുന്ന പ്രക്രിയയാണ്. നിലവിൽ 45 ഫാമുകളിലായി 148000 മുതൽ 150000 വരെ കോഴികളെ വളർത്തുന്നു. ജില്ലയിൽ 15 കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റുകളാണ് ഉള്ളത്. കൊടുങ്ങൂർ, മാന്തുരുത്തി, കറുകച്ചാൽ (പനയമ്പാല), തെങ്ങണ, ചങ്ങനാശേരി, വെണ്ണിമല, ഇല്ലിവളവ്, കളത്തിപ്പടി, കുമ്മനം, ഏറ്റുമാനൂർ, കിടങ്ങൂർ, ചേർപ്പുങ്കൽ, പാലാ, പുതുവേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ ഉള്ളത്.