സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം ഡി സെമിനാരി ഹയർ സെക്കൻഡറിസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.


കോട്ടയം: സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം ഡി സെമിനാരി ഹയർ സെക്കൻഡറിസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.  

 പൊതുവിദ്യാഭ്യാസ രംഗത്തെ ജനകീയ ഇടപെടലിന് ലോകത്തിനാകെ മാതൃകയാണ് കേരളം. ഈ മേഖലയിൽ വലിയ മുന്നേറ്റം ജനപങ്കാളിത്തത്തോടെ ഉണ്ടാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സമീപകാല അനുഭവങ്ങൾ എന്നും മന്ത്രി പറഞ്ഞു. ഇന്നലെകളിൽ കേരളം നേടിയ നേട്ടങ്ങളെ നിലനിർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ വലിയ തോതിലാണ് സഹായകമായത്.

 

 നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിൻ്റെ തുടർച്ചയായ വിദ്യാകിരണവും വഴി ദീർഘകാല കാഴ്ച്ചപ്പാടോടെ വിദ്യാഭ്യാസരംഗത്ത് നൂതന പദ്ധതികൾ സർക്കാർ നടപ്പാക്കി. ഭൗതികവും അക്കാദമികവുമായ മികവുകൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുവിദ്യാഭ്യാസ മികവുകൾ അക്കാദമിക നേട്ടങ്ങളെന്ന നിലയിൽ മാറണമെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയെയും ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് അക്കാദമിക മികവിനെ സാർത്ഥകമാക്കുന്നത്. ഈ ആശയത്തിലാണ് സർക്കാർ സമഗ്രവിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്, ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സംവിധാന ങ്ങളുടെയും ജില്ലാഭരണകുടത്തിൻ്റേയും പിന്തുണയോടെയാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതി പ്രാവർത്തികമാക്കുന്നത്.