കോട്ടയം: ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം പകർന്ന് ആയിരത്തിലധികം വനിതകൾ ആനന്ദത്തോടെ സുംബാ നൃത്തച്ചുവടുകൾ വച്ച് അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകി.
'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' പരിപാടിയുടെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ സുംബ ഡാൻസ് പരിപാടി വ്യത്യസ്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യം ആനന്ദം കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സുംബയുടെ നൃത്തച്ചുവടുകൾ വച്ച് ഒപ്പം കൂടി. ജില്ലയിലെ 11 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുകൾ ചേർന്നവതരിപ്പിച്ച മെഗാ സുംബാ നൃത്തത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരും സിവിൽ സ്റ്റേഷനിലെ ജീവനക്കാരുമടക്കം പങ്കാളികളായി. പ്രായഭേദമന്യേ ഒരേ മനസോടെ എല്ലാവരും ഒന്നിച്ച് ചുവടുകൾ വച്ചപ്പോൾ കാൻസറിനെ തിരിച്ചറിഞ്ഞും ചികിത്സിച്ചും പരാജയപ്പെടുത്താൻ ഏവരും ഒറ്റക്കെട്ടാണെന്ന നിശബ്ദ പ്രഖ്യാപനം കൂടിയായി. ആരോഗ്യ സംരക്ഷണത്തിൽ ശരീരത്തിന്റെയും മനസിന്റെയും വ്യായാമം എത്ര പ്രാധാന്യമുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നതിനു കൂടിയാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്. നൃത്തത്തിനു ശേഷം ജീവനക്കാർ ഒന്നാകെ പിങ്ക് ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ബ്രാൻഡ് അംബാസഡർ നിഷ ജോസ് കെ. മാണി വിശിഷ്ടാതിഥിയായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, നഗരസഭാംഗം റീബാ വർക്കി, എ.ഡി.എം. എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യസ് സുകുമാരൻ, മാസ് മീഡിയാ ഓഫീസർ സി.ജെ. ജെയിംസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ സ്‌ക്രീനിങ് ക്യാമ്പ് നടത്തി. ജില്ലയിൽ ഇതുവരെ 19321 സ്ത്രീകളെ സ്‌ക്രീനിങ്ങിന് വിധേയരാക്കി. അതിൽ 1165 പേരെ തുടർ പരിശോധനകൾക്കായി റഫർ ചെയ്തു.