മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു, നിലം പതിച്ചത് മൂന്നിലവ്-മേച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലം, കേടുപാടുകൾ സംഭവിക്കുന്നത് 3 കൊല്ലം മുൻപുണ്


മൂന്നിലവ്: 3 കൊല്ലം മുൻപുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ മാത്രം കടന്നുപോയ്ക്കൊണ്ടിരുന്ന മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു. മൂന്നിലവ്-മെച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണ് നിലം പതിച്ചത്.  

 പ്രളയത്തിൽ പാലത്തിനു കേടുപാടുകൾ സംഭവായിച്ചതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ലായിരുന്നു. പാലം തകർന്നതോടെ ദുരിതത്തിലായിരിക്കുന്നത് 4 വാര്‍ഡുകളിലെ ജനങ്ങളാണ്. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് തകർന്നത്. പാലം തകർന്നതോടെ ഇനി പത്തിലധികം കിലോമീറ്റർ നടന്നെത്തേണ്ട അവസ്ഥയിലാണ് മേഖലയിലെ ജനങ്ങൾ.

 

 പാലം തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ് മലയോര മേഖലയിലെ അഞ്ഞൂറിലധികം കുടുംബങ്ങൾ. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മേച്ചാൽ,നെല്ലാപ്പാറ,പഴുക്കാനം, വാളകം,കോലാനിത്തോട്ടം തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പാലം സഞ്ചാര യോഗ്യമായിരുന്ന സമയത്ത് 4 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മേഖലയിലുള്ളവർക്ക് മൂന്നിലവിലെത്താൻ സാധിക്കുമായിരുന്നു. മലയോര മേഖലയിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി മൂന്നിലവിൽ എത്താൻ ആശ്രയിച്ചിരുന്ന പാതയായിരുന്നു കടപുഴ പാലത്തിലൂടെയുള്ളത്. മലയോര മേഖലയിലെ ജനങ്ങൾ ആശുപത്രി ആവശ്യങ്ങൾക്കും വിദ്യാർത്ഥികൾ സ്‌കൂളിലേക്കും കോളേജിലേക്കും പോകുന്നതിനായും ഉൾപ്പടെ പഞ്ചായത്തു,വില്ലേജ്, ആവശ്യവസ്തുക്കൾ വാങ്ങുന്നതിനുമെല്ലാം ഈ പാതയായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്പോൾ മൂന്നിലവിലേക്ക് എത്താൻ പത്തിലധികം കലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് മേഖലയിലെ ജനങ്ങൾ. താൽക്കാലികമായെങ്കിലും ദുരിതത്തിന് പരിഹാരം കാണുന്നതിനായി സംവിധാനം സജ്ജമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.