സ്ത്രീശക്തി തെളിയിച്ച് ചങ്ങനാശേരിയിൽ വനിതകളുടെ നൈറ്റ് വാക്കത്തോൺ.


ചങ്ങനാശ്ശേരി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ വനിതാ ശക്തിയേയും ആത്മവിശ്വാസത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന വനിതകളുടെ മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

 

 സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ചങ്ങനാശേരിയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ആശയമാണ് ചെത്തിപ്പുഴ ആശുപത്രി മുൻപോട്ട് വെച്ചതെന്ന് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരൻ അഭിപ്രായപ്പെട്ടു. 'സ്റ്റെപ്പ് എഗൈൻസ്റ്റ് ഡാർക്‌നെസ്സ്' എന്ന സന്ദേശവുമായി സർഗ്ഗക്ഷേത്ര വിമൻസ് ഫോറം, സെന്റ് ബര്‍ക്കുമാന്‍സ് കോളേജ്, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍, മീഡിയ വില്ലേജ്, തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളിലെ നൂറുകണക്കിന് വനിതകൾ അണിനിരന്ന പരിപാടി നഗരത്തിന് പുതുമയായി.  

 ചങ്ങനാശേരി പെരുന്ന സ്റ്റാൻഡിൽനിന്നും ആരംഭിച്ച വാക്കത്തോൺ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. എസ്.ബി. കോളേജ് മൈതാനിയില്‍ അവസാനിച്ച വക്കത്തോണിൽ പ്രശസ്തസിനിമ താരം കൃഷ്ണപ്രഭ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത വനിതാ ഡി ജെ ഏലിയൻ ലാൻസിന്റെ സംഗീത നിശയും ഒരുക്കിയിരുന്നു. വനിതാ ജീവനക്കാർക്ക് ആത്മവിശ്വാസവും ഊർജവും പകരാൻ അഞ്ചു ദിവസം നീണ്ടുനിന്ന പരിപാടികളാണ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ഒരുക്കിയിരുന്നത്.