ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ, എന്തിനാണ് 25-30 വയസ്സുവരെ പെൺകുട്ടികളെ കെട്ടിക്കാതെ നിർത്തുന്നത്? വീണ്ടും വിവാദ


പാലാ: ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്ന് പി സി ജോർജ്ജ്. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ ആണ് വീണ്ടും വിവാദ പ്രസംഗവുമായി പി.സി.ജോർജ് എത്തിയത്.

 

 ‘മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? 41 എണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. പക്ഷേ നിങ്ങളോട് എനിക്ക് പറയാനുള്ളത്, സ്‌കൂളിൽ പിള്ളേരെ ഒന്ന് പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറമ്മാർ അവരുടെ കുടുംബത്തിൽ അവരുടെ ഭാര്യയും മക്കളുമായി ചർച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടണം. ഈ ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെയിരിക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. 25 വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണത്. ഇത് പറയുമ്പോൾ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം. അപ്പോൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. ഒരു 28-29 ആയാല്‍ വല്ല ശമ്പളവും കിട്ടുന്നതാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്‌നം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണം.' പി സി ജോർജ് പറഞ്ഞു. മത വിദ്വേഷ പരാമർശത്തിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും പി സി ജോർജിന്റെ വിവാദ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നാണ് ജോർ‌ജിന്റെ ആരോപണം. പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് ബി ജെ പി നേതാവ് പി.സി ജോര്‍ജിന്റെ ഈ പരാമര്‍ശം.