വേനൽ മഴയിൽ മാത്രമല്ല വേനൽ ചൂടിലും ഒന്നാമത് കോട്ടയം തന്നെ!


കോട്ടയം: വേനൽ മഴയിൽ ബമ്പറടിച്ചു കൂടുതൽ മഴ ലഭിച്ചെങ്കിലും പകൽ സമയത്തെ താപനിലയിൽ ഉയർന്ന താപനിലയും കോട്ടയത്ത് തന്നെയാണ്. രാവിലെ മുതൽ ഉച്ച വരെ ഉയർന്ന ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്.

 

 എന്നാൽ ഉച്ച കഴിയുന്നതോടെ ആകാശം മേഘാവൃതമാകുകയും ഇടിയും കാറ്റോടും കൂടിയുള്ള മഴയുമാണ് കോട്ടയത്ത്. വേനൽ മഴ പ്രതീക്ഷിച്ചിരുന്ന അളവിൽ കൂടുതൽ ലഭിച്ചെങ്കിലും ചൂട് കുറയുന്നില്ല. ജില്ലയിലെ അൾട്രാവയലറ്റ് സൂചികയും ഉയർന്നു തന്നെയാണ് നിൽക്കുന്നത്. യു വി സൂചിക 8 ലായതിനാൽ ഓറഞ്ച് അലെർട്ടുമുണ്ട്. യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി കോട്ടയം പലതവണ മാറിക്കഴിഞ്ഞു. അതേസമയം വേനൽ മഴ ജില്ലയിൽ ശക്തമായതോടെ ആശ്വാസമായത് കാർഷിക മേഖലയ്ക്കാണ്. കപ്പ,ചേന,ചേമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നവർ നിലമൊരുക്കലും നടീലും ആരംഭിച്ചു കഴിഞ്ഞു. ഇടിയോടും കാറ്റോടും കൂടിയ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് നിലച്ച ജലാശയങ്ങളിൽ ചെറിയ രീതിയിൽ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.