കോട്ടയം: കൊടും ചൂടിനെ തണുപ്പിച്ചു ജില്ലയിൽ വേനൽ മഴയെത്തി. ദിവസങ്ങളായി കനത്ത ചൂട് തുടരുന്നതിനിടെയാണ് മലയോര മേഖലകളിലുൾപ്പടെ ആശ്വാസമായി വേനൽ മഴയെത്തിയത്.
ഇന്നലെ പകൽ മുതൽ മഴക്കാറുണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചയോടെയാണ് മഴയെത്തിയത്. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ ഇപ്പോഴും വേനൽ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.