കോട്ടയം: മലരിക്കലിലേക്ക് പോകാൻ മനംമയക്കും റോഡ് മാർഗം. ആമ്പൽ വസന്തത്തിലേക്ക് ഇനി അതിവേഗമെത്താം, കുരുക്കും കുഴികളുമില്ലാതെ. ഇരുവശത്തേക്കും സുഗമമായി പോകാനാവും വിധം ആധുനിക നിലവാരത്തിൽ 1.4 കിലോമീറ്റർ നീളമുള്ള കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെയുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിച്ചത്.
നബാർഡ് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മലരിക്കൽ ആമ്പൽ ഫെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ ഗതാഗത തടസ്സവും ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾക്കാണ് ശാശ്വത പരിഹാരമായത്. 3.50 മീറ്ററിൽ നിന്ന് അഞ്ച് മീറ്ററായി റോഡ് ഉയർത്തി.
ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്ററോളം ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ട് ഉയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള റോഡ് മാർക്കിംഗ്, ക്രാഷ് ബാരിയർ, സൈൻ ബോർഡുകൾ,ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ജെ-ബ്ലോക്ക്, തിരുവായ്ക്കരി നെൽപ്പാടങ്ങളിൽ 2800 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ആമ്പൽ കൂട്ടമായി വിരിയുന്നത്. തദ്ദേശീയ ജനതയ്ക്ക് ടൂറിസത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്ന ജല ടൂറിസം പദ്ധതിയാണ് വർഷാവർഷം നടക്കുന്ന ആമ്പൽ ഫെസ്റ്റ്. ജില്ലയിലെ പ്രധാനടൂറിസം കേന്ദ്രമെന്ന നിലയിൽ കൂടുതൽ ആളുകൾ ഇവിടെ എത്തിത്തുടങ്ങിയതോടെ റോഡ് നവീകരണം ആവശ്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനു പദ്ധതി സമർപ്പിച്ചിരുന്നു എന്നും അതിന്റെ ഭാഗമായാണ് തുക അനുവദിച്ച് റോഡ് നിർമ്മാണം പൂർത്തിയായിരിക്കുന്നത് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജില്ലയിലെ പ്രധാന നെൽകൃഷി പ്രദേശമായതിനാൽ കർഷകർക്കും റോഡ് ഏറെ പ്രയോജനം ചെയ്യും. വളവും കാർഷികോപകരണങ്ങളും പാടശേഖരങ്ങളിലെത്തിക്കാനും നെല്ല് കയറ്റി അയക്കുന്നതിനും ഉൾപ്പെടെ സൗകര്യപ്രദമാണ്.