കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനം. ആഘോഷത്തിൻ്റെ ഭാഗമായി ഏപ്രിൽ 25 മുതൽ മേയ് ഒന്നു വരെ നാഗമ്പടം മൈതാനത്ത് 'എന്റെ കേരളം' പ്രദർശന - വിപണനമേള സംഘടിപ്പിക്കും.
സാംസ്കാരിക പരിപാടികൾ, വിവിധ വകുപ്പുകളുടെ സേവനം തുടങ്ങിയവ ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 29 ന് രാവിലെ 10.30 മുതൽ ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ കൂടിക്കാഴ്ച നടത്തും. പരിപാടികളുടെ നടത്തിപ്പിന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചെയർമാനായും സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ്, എം.പി.മാർ, എം.എൽ.എ.മാർ തുടങ്ങിയവർ വൈസ് ചെയർമാന്മാരുമായി സംഘാടകസമിതി രൂപീകരിച്ചു.