ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശിയായ ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച മൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നൽകി. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ആയിരുന്നു മെസ്സേജിൽ ഉണ്ടായിരുന്നത്. പ്രകോപനമരമായ രീതിയിൽ എന്തെങ്കിലും മെസ്സേജ് ഉണ്ടോ എന്ന പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല. എന്ത് മെസ്സേജുകൾ ആണ് അയച്ചുതന്ന കണ്ടെത്താൻ പൊലീസ് നോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു. നിലവിൽ വാട്സ്ആപ്പ് ചാറ്റുകൾ പൂർണ്ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും. നിലവിൽ ഷൈനിയുടെ ഫോൺ വീട്ടിലുണ്ടെന്നാണ് വിവരം. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനക്കും അയക്കും. 9 മാസം മുമ്പാണ് ഷൈനി നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. തൊടുപുഴയിലെ വീട്ടിലായിരുന്ന സമയത്ത് നോബി അതിക്രൂരമായി ഷൈനിയെ ഉപദ്രവിക്കും ആയിരുന്നെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇരുവരുടെയും വിവാഹമോചനമായി ബന്ധപ്പെട്ട കേസും ഏറ്റുമാനൂർ കുടുംബ കോടതിയിൽ നിലനിൽക്കുകയാണ്. നിലവിൽ കേസിൽ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും ഇവാനായ്ക്ക് 10 വയസുമായിരുന്നു പ്രായം. ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയ്ക്കു പിന്നാലെ സോഷ്യല്‍മീഡിയകളിലടക്കം വലിയതോതിലുള്ള വിമര്‍ശനമാണ് ഭര്‍ത്താവ് നോബിയ്ക്കും കുടുംബത്തിനുമെതിരെ വന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയോട് ഈ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഷൈനിയുടെ മാതാപിതാക്കളുടെ വിശദമായ മൊഴി ഏറ്റുമാനൂർ പൊലീസ് രേഖപ്പെടുത്തി. കടുത്ത ശാരീരിക പീഡനത്തെ തുടർന്നാണ് ഷൈനിയും മക്കളും 9 മാസം മുൻപ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് എത്തിയതെന്നാണ് മാതാപിതാക്കളുടെ മൊഴി. വീടിനു 300 മീറ്റർ മാത്രം അകലെയാണു പാറോലിക്കൽ റെയിൽവേ ഗേറ്റ്. ട്രെയിൻ എത്തിയപ്പോൾ മക്കളെയും ചേർത്തുപിടിച്ച് ഷൈനി ട്രാക്കിൽ കയറിനിൽക്കുകയായിരുന്നെന്നു ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു.