കോട്ടയം: തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി. ഇതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
നെല്ല് സംഭരണത്തിന് അനുമതി ലഭിച്ച ഏജൻസികൾ നെല്ല് എടുക്കാൻ കാലതാമസം വരുത്തിയതിനാലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്. സംഭരിക്കുന്ന നെല്ലിന് കിന്റലിന് 3.5 കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽ ഏറ്റവും ഗുണനിലവാരമുള്ള നെല്ലാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
1800 ഏക്കർ പാടശേഖരത്ത് 400 ഏക്കറിലെ വിളവെടുപ്പ് പൂർത്തിയായി. വേനൽ മഴ പെയ്യുന്ന സാഹചര്യത്തിൽ മഴ നനഞ്ഞാൽ നെല്ല് നശിച്ചു പോകുമെന്ന് കർഷകർ പറഞ്ഞു. വിഷയത്തിൽ കർഷകരുമായി സംസാരിച്ച് പഞ്ചായത്ത് കൃഷി ഓഫീസറും പാഡി ഓഫീസറുമായി ചർച്ച നടത്തുന്നതിന് പഞ്ചായത്തിൽ അടിയന്തരമായി യോഗം വിളിച്ച് പ്രശ്നം പരിഹരിയ്കുന്നതിനുള്ള തീരുമാനം എടുത്തു.