വൈക്കം: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം. പ്രദേശത്തെ ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമായിരുന്ന ആറ്റുതീര ബണ്ടിന്റെ നിർമാണം തുടങ്ങി.
പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആറ്റുതീരബണ്ട് വരുന്നത്. 8,10 വാർഡുകളിലെ ജനങ്ങൾക്കും ബണ്ട് ഗുണകരമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. 300 മീറ്റർ നീളത്തിൽ നാല് അടി വീതിയിൽ പൂഴിയിട്ട് തെങ്ങിൻ കുറ്റികൾ സ്ഥാപിച്ചാണ് നിർമാണം.
ഗ്രാമപഞ്ചായത്തിന്റെ ഫണ്ടുകൂടി ലഭിക്കുന്ന മുറയ്ക്ക് ബണ്ട് നീളം കൂട്ടും. ഏഴാം വാർഡിൽ നടന്ന ആറ്റുതീര ബണ്ട് നിർമാണോദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു നിർവഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം സുലോചന പ്രഭാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ രേവതി മനീഷ്, ശ്യാമ ജിനീഷ്, ദീപാ മോൾ, ടി. പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. രവികുമാർ,കെ.ജി. രാജു എന്നിവർ പങ്കെടുത്തു.