ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ട്രെയിനിനുമുന്നിൽച്ചാടി മരിച്ച ഷൈനിയുടെ കടബാധ്യത തീര്‍ത്ത് പ്രവാസി സംഘടന.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന പ്രവാസി മലയാളി സംഘനയാണ് ഷൈനി കുടുംബശ്രീ സംഘത്തിൽനിന്ന് എടുത്ത ലോണിൽ ബാക്കിയുണ്ടായിരുന്ന 95,225 രൂപ അടച്ചു തീർത്തത്. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസിന് സംഘടന നൽകിയ ചെക്ക് ഞായറാഴ്ച വൈകീട്ടോടെ, ഷൈനി അംഗമായിരുന്ന പുലരി കുടുംബശ്രീ സംഘത്തിലെ അംഗങ്ങൾക്ക് കൈമാറി. ഫെബ്രുവരി 28-ന് ആണ് ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, അംഗങ്ങളിൽനിന്ന് തുക സമാഹരിച്ചാണ് കടബാധ്യത തീർത്തത്. ഇടുക്കിയിൽനിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ സന്നദ്ധസംഘനയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ. ഇതുവരെ 1.41 കോടി രൂപയുടെ സന്നദ്ധസഹായങ്ങൾ സംഘടന നൽകിയിട്ടുണ്ട്.