കോട്ടയം: ജില്ലയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു. ജില്ലാ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ 2024-2025 പുനർജനി പദ്ധതി പ്രകാരമാണ് മരുന്ന് വിതരണം നടത്തിയത്. പദ്ധതിയ്ക്കായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ 64 പേർക്കാണ് മരുന്ന് വിതരണം ചെയ്തത്. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അംഗം ഹൈമി ബോബി, ആശൂപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷ്മ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, അർ.എം.ഒ. ഡോ.വി.എസ്. ശശിലേഖ, എൽ.എസ് ആൻഡ്് ടി വിഭാഗം ഉദ്യോഗസ്ഥൻ സുനിൽ കെ. ഫ്രാൻസിസ്, റിട്ടയേർഡ് എൽ.എസ്. ആൻഡ് ടി. ഉദ്യോഗസ്ഥൻ എം.പി. ശ്രീകുമാർ, സംസ്ഥാന ലിവർ ഫൗണ്ടേഷൻ കോർഡിനേറ്റർ മാത്യു ഫിലിപ്പ് എന്നിവർ പങ്കെടുത്തു.