കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി അമിത് തൃശൂരിൽ നിന്നു പോലീസ് പിടിയിൽ, പ്രതിയെ കോട്ടയത്ത് എത്തിച്ചു.


കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിത് തൃശൂരിൽ നിന്നു പോലീസ് പിടിയിൽ.  പ്രതിയെ പോലീസ് കോട്ടയത്ത് എത്തിച്ചു.

 

 കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ആണ് തൃശൂര്‍ മാളയിൽ നിന്നും പ്രതിയെ പിടികൂടിയത്. അമിത് ഉറാങ്ങിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരാണു ഇന്നലെ കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽക്കയറിയ അക്രമി രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം. രാവിലെ വീട്ടിൽ ജോലിക്ക് എത്തിയ ജോലിക്കാരിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. 2017 ലാണ് ഇവരുടെ മകൻ ഗൗതമിനെ(28) തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു വിജയകുമാർ നിയമ പോരാട്ടം നടത്തുകയും തുടർന്ന് മകന്റെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണമെന്നത് വീണ്ടും ദുരൂഹത വർധിപ്പിക്കുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്നും കോടാലി ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുഖത്ത് കോടാലിക്ക് വെട്ടി മുഖം വികൃതമാക്കിയിട്ടുണ്ട്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി വീടിന്റെ ഉള്ളിൽ കടന്നത് ജനലിൽ ഹോൾ ഉണ്ടാക്കി വാതിൽ തുറന്ന് ആണ് എന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിൽ നിന്നും വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല. മോഷണമല്ല കൊലപാതകമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.