എന്റെ കേരളം പ്രദർശന വിപണന മേളയിൽ അറിവിന്റെ അരങ്ങുതീർത്ത് തത്സമയ ക്വിസ്.


കോട്ടയം: മലയാള സാഹിത്യ ലോകത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ തയ്യാറാണോ? എങ്കിൽ പോന്നോളൂ നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക്.

 

 മേളയിലെ അക്ഷരം മ്യൂസിയം സ്റ്റാളിൽ നിങ്ങളെ കാത്തിരിക്കുന്നത് മലയാള സാഹിത്യത്തിൽ നൈപുണ്യം തെളിയിക്കാനുള്ള സുവർണ്ണാവസരമാണ്. ഇന്ത്യയിലെ ആദ്യത്തെ അക്ഷര-സാഹിത്യ- സാംസ്കാരിക മ്യൂസിയമായ അക്ഷരമ്യൂസിയവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തുന്ന ക്വിസ് മത്സരത്തിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. മുതിർന്നവർ, യുവാക്കൾ, കുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ ആറ് ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 20 സെക്കൻഡ് ദൈർഘ്യമാണുള്ളത്. ഇന്ററാക്റ്റീവ്   സ്‌ക്രീനിൽ തെളിയുന്ന ചോദ്യങ്ങൾക്കെല്ലാം ശരിയുത്തരം നൽകുന്നവർക്ക് ട്രോഫിയും സൗജന്യമായി അക്ഷരം മ്യൂസിയം സന്ദർശിക്കാൻ അവസരവും ലഭിക്കും.