പാലാ: തർക്കത്തെ തുടർന്ന് കോട്ടയം പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി(62) ആണ് മരിച്ചത്.
ആരംകുഴക്കൽ എ. എൽ ഫിലിപ്പോസ് ആണ് കുത്തിയത്. ഇരുവരും തമ്മിൽ നാളുകളായി സാമ്പത്തിക ഇടപാടുകളിൽ തർക്കം നിലനിന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടലിൽ വെച്ചാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. ഹോട്ടൽ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പള്ളിയിലേക്ക് പോകും വഴിയാണ് ബേബി ഹോട്ടലിൽ കയറിയത്. അതേസമയം ഇവിടെയുണ്ടായിരുന്ന ഫിലിപ്പോസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് തർക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെ ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫിലിപ്പോസിനെ പാലാ പോലീസ് പിടികൂടി. വള്ളിചിറയിൽ പലചരക്ക് കട നടത്തുകയായിരുന്നു ബേബി.