ജില്ലയിൽ ഉച്ചക്ക് ശേഷം ലഭിക്കുന്നത് ശക്തമായ മഴ, മഴയുടെ ഇടവേളയിൽ അസാധാരണ ചൂടും, യു വി ഇൻഡ്ക്സ് തീവ്രത ഉയർന്നു തന്നെ.


കോട്ടയം: ദിവസേന ഉച്ചക്ക് ശേഷം കോട്ടയം ജില്ലയിൽ ശക്തമായ മഴ ലഭിക്കുമ്പോഴും ചൂട് കുറയുന്നില്ല. അളവിൽ കൂടുതൽ മഴ പതിവിലും കൂടുതൽ ദിവസം പെയ്തിറങ്ങിയിട്ടും ചൂടിന് കുറവൊട്ടുമില്ല.

 

 കഴിഞ്ഞ വർഷം ലഭിച്ചതിൽ കൂടുതൽ മഴ ഈ വർഷം ലഭിച്ചെങ്കിലും ചൂട് കുറയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി ഉച്ചക്ക് ശേഷം ജില്ലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ഉൾപ്പടെ ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിൽ എരുമേലി റാന്നി റോഡിൽ ഫോറസ്റ്റ് ഓഫീസിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ചൂട് ഉയരുന്ന സാഹചര്യത്തിൽ യു വി തോതും അപകടകരമായ രീതിയിൽ ഉയരുകയാണ്. ജില്ലയിൽ ചങ്ങനാശ്ശേരിയിൽ യു വി തോത് 9 ലാണ്. അതീവ ജാഗ്രത പുലർത്തേണ്ട ഓറഞ്ച് അലെർട്ടിലാണ് ജില്ല.