എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി ജലവിഭവ വകുപ്പ് സ്റ്റാൾ.


കോട്ടയം: ജലശുചീകരണത്തിൻ്റെ  വിവിധ ഘട്ടങ്ങൾ, അപ്പർ കുട്ടനാട് പാടശേഖരത്തിലെ ജലസേചനരീതി എന്നിവ പരിചയപ്പെടുത്തി ശ്രദ്ധ നേടുകയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ ജലവിഭവ വകുപ്പിൻ്റെ സ്റ്റാൾ.

 

 നമ്മൾ കുടിക്കുന്ന  വെള്ളം ഏതൊക്കെ ഘട്ടങ്ങളിലൂടെ  കടന്നുപോയാണ് ശുചീകരിക്കുന്നത് എന്നുള്ള മാതൃകയാണ് വാട്ടർ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. വായു കടത്തിവിടൽ,കൊയാഗുലേഷൻ,അടിയിക്കൽ,അരിക്കൽ,അണുവിമുക്തമാക്കൽ,ക്ലോറിനേഷൻ എന്നീ പ്രക്രിയകൾ ഘട്ടം ഘട്ടമായി മാതൃകയിലൂടെ പറയുന്നുണ്ട്. കുടിവെള്ളം പരിശോധനക്കായി എത്തിക്കേണ്ട വിധം, പരിശോധനാനിരക്കുകൾ, ഗുണനിലവാര പരിശോധനകൾ ഏതൊക്കെ തുടങ്ങി വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം എന്നിവയെക്കുറിച്ചുള്ള വിശദീകരണ ചാർട്ടുകൾ  പ്രദർശിപ്പിച്ചിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കൃഷിക്കായി ജലസേചന സൗകര്യം ഒരുക്കുന്നതിന്റെ മാതൃകയാണ് ജലസേചന വകുപ്പ് ഒരുക്കിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശമായതിനാൽ കുട്ടനാട്ടിലെ കൃഷി രീതിക്ക് ജലലഭ്യത ഉറപ്പുവരുത്തുന്ന വിധം വ്യത്യസ്തമാണ്. വിവിധ പ്രദേശങ്ങളിൽ കുഴൽക്കിണറുകൾ കുത്തുന്നതിന്റെയും കിണറുകൾ നിർമിക്കുന്നതിന്റേയും വ്യത്യസ്തമായ രീതികൾ കാണിച്ചുതരുകയാണ്  ഭൂജലവകുപ്പിൻ്റെ സ്റ്റാൾ. പാറ പ്രദേശം,മണൽ, തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുഴൽക്കിണർ നിർമാണം വ്യത്യസ്തമാണ്. ഭൂജലവകുപ്പ് പൊതുജനങ്ങൾക്കായി നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള ചാർട്ട് ഭൂജലവകുപ്പിൻറ സ്റ്റാളിലുണ്ട്.