കോട്ടയം: ഇന്ത്യയുടെ ഭരണഘടന ശില്പി ബാബ സാഹേബ് ഡോ ബി ആർ അംബേദ്കറുടെ 134 ആം ജന്മദിനം കേരളത്തിലെ പ്രബല ദളിത് മുന്നേറ്റ പ്രസ്‌ഥാനമായ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി വിപുലമായി ആഘോഷിക്കും. ഏപ്രിൽ 12 ന് രാവിലെ 9:00 ന് സി എസ് ഡി എസ് സംസ്‌ഥാന ആസ്‌ഥാന മന്ദിരമായ വാഴൂർ നെടുമാവ് അംബേദ്കർ ഭവനിലെ അംബേദ്കർ പ്രതിമയിൽ സംസ്‌ഥാന നേതാക്കൾ പുഷ്‌പ്പാർചന നടത്തും. തുടർന്ന് രണ്ട് മണിയ്ക്ക് നടക്കുന്ന ജന്മദിന സാംസ്കാരിക സമ്മേളനം ഗവൺമെന്റ് ചീഫ് വിപ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകൻ ഡോ വിനിൽ പോൾ മുഖ്യ അതിഥിയാകും. വൈകുന്നേരം 4:00 ന് വാഴൂർ നെടുമാവിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി ജന്മദിന സന്ദേശ വിളംബര ജാഥ കെ കെ റോഡ് വഴി തിരുനക്കര മൈതാനിയിൽ എത്തിച്ചേരും. വിളംബര ജാഥയ്ക്ക് പതിനാലാം മൈൽ, പാമ്പാടി, മണർകാട്, കളത്തിൽ പടി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകും. തുടർന്ന് തിരുനക്കരയിൽ സമാപിക്കും. ഏപ്രിൽ 13 ന് ഉച്ചയ്ക്ക് 2:00 മുതൽ വനിതാ യുവജന സമ്മേളനം അംബേദ്കർ ഭവനിൽ നടക്കും. ജന്മദിനമായ ഏപ്രിൽ 14 ന് രാവിലെ 8:00 ന് സംസ്‌ഥാന വ്യാപകമായി ആയിരം സി എസ് ഡി എസ് കുടുംബയോഗ കേന്ദ്രങ്ങളിൽ ഡോ ബി ആർ അംബേദ്കർ ഛായാചിത്രത്തിൽ പുഷ്‌പ്പാർചനയും മധുര വിതരണവും നടത്തും. വൈകുന്നേരം 4:00 ന് സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ജന്മദിന സാംസ്‌കാരിക ഘോഷയാത്ര കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കും. വാദ്യ മേളങ്ങളും നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. വൈകുന്നേരം 5:30 ന് കോട്ടയം തിരുനക്കര മൈതാനത്ത് ജന്മദിന സമ്മേളനം നടത്തും. സി എസ് ഡി എസ് സംസ്‌ഥാന സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഏർപ്പെടുത്തുന്ന ഡോ ബി ആർ അംബേദ്കർ പുരസ്കാരം യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ ഗീവർഗീസ് കൂറിലോസ് മെത്രാപോലീതയ്ക്ക് നൽകും. പതിനായിരത്തൊന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജന്മദിന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കെ ഫ്രാൻസിസ് ജോർജ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഡോ ആർ എൽ വി രാമകൃഷ്ണൻ, മുൻ നഗരസഭ അധ്യക്ഷ ഡോ പി ആർ സോന, കേരളനാദം ചീഫ് എഡിറ്റർ എൻ എ മുഹമ്മദ് കുട്ടി, ഡോ വിനിൽ പോൾ, സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, പ്രോഗ്രാം ജനറൽ കൺവീനർ പ്രവീൺ ജെയിംസ്, കെ പി എം എസ് ട്രഷറർ അഡ്വ എ സനീഷ് കുമാർ, പി ആർ ഡി എസ് ജനറൽ സെക്രട്ടറി ശ്രീ അനീഷ് ടി കെ, അഖില കേരള ഹിന്ദു സാംബവ മഹാസഭ ജനറൽ സെക്രട്ടറി എം ടി സനേഷ് കുമാർ, എ സി എസ് എസ് ജനറൽ സെക്രട്ടറി ഡോ എസ് അറുമുഖം, തുടങ്ങിയവർ പങ്കെടുക്കും.