ഈ ഡോക്ടർ ആള് ബോക്‌സറാണ്! നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്ത


കോട്ടയം: ഈ ഡോക്ടർ ആള് ചില്ലറക്കാരിയല്ല, അതെ ഈ ഡോക്ടർ ആള് ബോക്‌സറാണ്! രോഗവിവരങ്ങൾ പറഞ്ഞു മരുന്ന് വാങ്ങാനെത്തുന്നവരോട് സ്നേഹത്തോടെ അസുഖ വിവരങ്ങൾ തിരക്കി കൃത്യതയോടെ മരുന്നുകൾ നൽകുന്ന സൗമ്യ മുഖക്കാരിയായ കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനായ ഡോ. അനു(35) കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കരസ്ഥമാക്കിയത് ഇരട്ട സ്വര്‍ണ മെഡലുകള്‍.

 

 ഇഷ്ടവും, ഇച്ഛാശക്തിയും, കഠിനാധ്വാനവും ഉണ്ടെങ്കില്‍ നമ്മുടെ ഒരു ആഗ്രഹവും അസാധ്യമല്ല എന്ന് ഡോ. അനു തെളിയിക്കുന്നു. കിക്ക് ബോക്‌സിങ്ങിനോടുള്ള അഭിനിവേശത്തെ ചേര്‍ത്ത് പിടിച്ച ഡോക്ടറായ അനു ബോക്‌സിംഗ് പരിശീലിച്ചത് ഇക്കഴിഞ്ഞ 3 വര്‍ഷം മാത്രം ആണ്. പരിശീലനത്തിറങ്ങിയപ്പോൾ പലരും പലതും പറഞ്ഞു പിന്തിരിപ്പിച്ചു, കളിയാക്കി എന്നാൽ രണ്ട് കുട്ടികളുടെ അമ്മയായ അനു കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ കളിയാക്കിയവര്‍ കളിക്കളത്തില്‍ വിയര്‍ത്തു. ഡോ. അനുവിന്റെ കിക്കുകള്‍ തടയാനാകാതെ പരിഹസിച്ചവര്‍ പരാജയപ്പെട്ടു. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനകരമായ നേട്ടത്തോടെ ഡോ. അനു നേടിയത് ഇരട്ട സ്വര്‍ണ മെഡലുകള്‍ ആണ്. 'വെറുതേ ഇടി മേടിച്ച് പഞ്ചറാകാനാണോ വന്നത്?' ഈ ചോദ്യത്തിനും കളിയാക്കലിനും മുന്നില്‍ പതറിയില്ല, ആത്മവിശ്വാസം തെല്ലും കുറഞ്ഞില്ല എന്നും അനു പറഞ്ഞു. പൂർണ്ണ പിന്തുണയുമായി ഫെഡറല്‍ ബാങ്ക് മാനേജറായ ഭര്‍ത്താവ് ജിഷ്ണുവും മക്കള്‍ ആദിശേഷന്‍ (6) ബാനി ദ്രൗപദി (4) എന്നിവരും ഒപ്പമുണ്ട്. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് അനു സ്വര്‍ണ മെഡലുകള്‍ നേടിയത്. സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും വേണ്ടി ഒരു വ്യായാമം ആയിട്ടാണ് ബോക്സിങ് പരിശീലിച്ചത്. കോട്ടയത്ത് ആയിരുന്നു അനു ബോക്‌സിംഗ് പരിശീലനത്തിന് പോയത്. ഡോ. വന്ദനയുടെ വിയോഗമാണ് സ്വയം പ്രതിരോധത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നും അനു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലുള്ള മത്സരാര്‍ത്ഥികള്‍ 25 വയസില്‍ താഴെയുള്ളവരായിരുന്നു. കേരള കിക്ക് ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റായ സന്തോഷ് കുമാറായിരുന്നു ഗുരു. മുൻപ് രണ്ട് സിസേറിയനുകള്‍ അടുപ്പിച്ച് കഴിഞ്ഞതിനാല്‍ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, നമ്മുടെ മനസിലെ ശക്തമായ ആഗ്രഹവും നല്ല പരിശീലനവുമുണ്ടെങ്കില്‍ നമുക്ക് എവിടേയും വിജയിക്കാനാകും. പ്രായം തടസമല്ലെങ്കില്‍ കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് താത്പര്യമെന്നും ഡോ. അനു പറഞ്ഞു. തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പിജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പില്‍ ജോലി കിട്ടുന്നത്. കെജിഎംഒഎ കോട്ടയം ജോയിന്റ് സെക്രട്ടറി കൂടിയാണ്.