ജനകീയ സർക്കാരിന്റെ 4 വർഷങ്ങൾ, കോട്ടയത്തെ ഏറ്റവും വലിയ കാഴ്ചയുടെ ഉത്സവം, മെഗാ ഭക്ഷ്യ മേളയും കലാപരിപാടികളും, എന്റെ കേരളം പ്രദർശന-വിപണനമേള നാഗമ്പടം മൈതാന


കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 24 മുതൽ 30 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് 'എന്റെ കേരളം പ്രദർശന വിപണനമേള' നടക്കും.

 

 മേളയുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നാഗമ്പടം മൈതാനത്തേക്ക് വർണാഭമായ ഘോഷയാത്ര നടക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നടത്തുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും പങ്കെടുക്കും. നാഗമ്പടം മൈതാനത്തൊരുക്കുന്ന വിശാലമായ പവലിയനിൽ 186 പ്രദർശന-വിപണന സ്റ്റാളുകളാണുണ്ടാവുക. ഭക്ഷ്യവൈവിധ്യങ്ങളുമായി മെഗാ ഭക്ഷ്യമേളയും പ്രമുഖർ അണിനിരക്കുന്ന കലാവിരുന്നും മേളയുടെ ഭാഗമായുണ്ടാകും. വിവിധ തൊഴിൽ മേഖലകളിലുള്ളവരുടെയും സവിശേഷ പരിഗണനയർഹിക്കുന്നവരുടെയും സംഗമങ്ങളും മേളയോടനുബന്ധിച്ചു നടത്തും. കോട്ടയത്തെ ഏറ്റവും വലിയ കാഴ്ചയുടെ ഉത്സവമായി മാറും എന്റെ കേരളം പ്രദർശന-വിപണനമേള. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ഉപസമിതികൾ രൂപീകരിച്ചു. ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ തുറമുഖ-സഹകരണ- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗമാണ് ഉപസമിതികൾ രൂപീകരിച്ചത്. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജോസ് കെ. മാണി എം.പി., എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, എം.ജി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ എന്നിവരാണ് വിവിധ ഉപസമിതികളുടെ അധ്യക്ഷർ.