എരുമേലിയിൽ വീടിനു തീ പിടിച്ചു വീട്ടമ്മ മരിച്ച സംഭവം, കുടുംബപ്രശ്നത്തെ തുടർന്ന് തീ ഇട്ടതെന്നു സംശയം, വീട്ടമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റു ചികിത്സയിലായിര


എരുമേലി: എരുമേലിയിൽ വീടിനു തീ പിടിച്ചു വീട്ടമ്മ മരിച്ച സംഭവത്തിൽ കുടുംബപ്രശ്നത്തെ തുടർന്ന് തീ ഇട്ടതെന്നു സംശയം. എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ്റെ ഭാര്യ ശ്രീജ (സീതമ്മ–48) ആണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. തുടർന്ന് പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സത്യപാലൻ ( 52 ), മകൾ അജ്ഞലി (26), എന്നിവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. മകളുടെ പ്രണയത്തെ ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ അകത്തു നിന്നും വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ തീ ഇടുകയായിരുന്നു എന്നും ഭർത്താവാണ് തീ ഇട്ടതെന്നും നാട്ടുകാർ പറയുന്നു. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായതായും തുടർന്ന് വീട്ടിനുള്ളിൽ തീ പടരുകയായിരുന്നുവെന്നുമാണ് വിവരം. വീടിനുള്ളിൽ നിന്നും ബഹളം കേട്ടതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരം എരുമേലി പോലീസ് സ്റ്റേഷനിലും കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. തുടർന്ന് അഗിനിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊള്ളലേറ്റ മകൻ അഖിലേഷ് ( ഉണ്ണിക്കുട്ടൻ–22 ) ചികിത്സയിലാണ്. അജ്ഞലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും വന്നത്.