ഏറ്റുമാനൂർ: നാടിനെ ഞെട്ടലിലാക്കി ഏറ്റുമാനൂരിൽ അമ്മയും രണ്ടു മക്കളും ആറ്റിൽ ചാടി ജീവനൊടുക്കി. മുത്തോലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്.
മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. സ്‌കൂട്ടർ റോഡിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാർ മൂവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു ജിസ്മോൾ. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.