'അമ്മ എന്റെ മക്കളെ നോക്കണം, ഞാൻ പോകുന്നു', കടുത്തുരുത്തിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി കുട


കടുത്തുരുത്തി: കടുത്തുരുത്തിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി കുടുംബം. പാലാ കടപ്ലാമറ്റം സ്വദേശിനിയായ അമിത സണ്ണിയാണ് എട്ടുമാസം ഗർഭിണിയായിരിക്കെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.

 

 മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവം അടുത്തെത്തിയ സമയത്ത് ജീവനൊടുക്കിയത്. ഭര്‍ത്താവുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് അമിത ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം മർദിച്ചിരുന്നതായും അമിത മാതാവിനോട് പറഞ്ഞിരുന്നു. മരിക്കുന്നതിന് മുൻപാണ് അമിത അമ്മ എത്സമ്മയെ വിളിച്ചു സംസാരിച്ചത്. മക്കളെ ഭർത്താവിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കരുതെന്നും അമ്മ നോക്കണമെന്നും പറ്റാതായാൽ അനാഥാലയത്തിൽ ഏൽപ്പിക്കണമെന്നുമാണ് അമിത തന്നോട് ഫോണിൽ പറഞ്ഞതെന്ന് എൽസമ്മ പറഞ്ഞു. നാലര വർഷങ്ങൾക്കു മുൻപാണ് കോട്ടയം കടുത്തുരുത്തി സ്വദേശി അഖിലും പാലാ കടപ്ലാമറ്റം സ്വദേശിനി അമിതയും തമ്മിലുള്ള വിവാഹം ദീർഘകാലത്തെ പ്രണയത്തിനു ശേഷം നടന്നത്. സ്ഥിരമായി വഴക്കുണ്ടായിരുന്നതായും അഖിൽ മകളെ മർദിച്ചിരുന്നതായും എൽസമ്മ പറഞ്ഞു. ഏപ്രിൽ പകുതിയോടെ പ്രസവത്തിയതി നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് നാടിനെ കണ്ണീരിലാഴ്ത്തി അമിതയുടെ ആത്മഹത്യ. മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. അമിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ വീട് പൊലീസ് മുദ്രവച്ചു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു തരി സ്വര്‍ണം പോലും മകളുടെ പക്കലില്ലെന്നും എല്‍സമ്മ പറഞ്ഞു.