കോട്ടയം: കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അമിത് ഒറാങ്ങിന്റെ മൊഴി പുറത്ത്.
കൊലപാതകത്തിന് കാരണം മുൻവൈരാഗ്യം ആണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വിജയകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഫോണും മോഷ്ടിച്ചിരുന്നു. ഇത് വിജയകുമാർ പോലീസിൽ പരാതിപ്പെടുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിജയകുമാർ കേട്ടിരുന്നില്ല. കൊലപാതകത്തിന് ഒറ്റയ്ക്കായിരുന്നുവെന്നും ആരുടേയും സഹായം ലഭിച്ചിട്ടില്ല എന്നുമാണ് പ്രതി പോലീസിൽ നൽകിയിരിക്കുന്ന മൊഴി. കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂര്‍ മാളയിൽ നിന്നും ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തെളിവെടുപ്പുകൾക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.